ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അസിസ്റ്റന്റ് പബ്ലിക് പ്രൊസീകൂട്ടർ ടി. ഗീനാകുമാരിയെ മാറ്റി സ്പെഷ്യൽ പ്രൊസീകൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. കേസിലെ ഒൻപതാം പ്രതിയായ സി.പി.ഐ.എം നേതാവ് ഹരീഷ് കുമാറിന് ലഭിച്ച ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സർക്കാർ അടിയന്തരമായി ഹൈക്കോടതിയെ സമീപിക്കും. പ്രൊസീകൂഷൻ ഡയറക്ടർ ജനറലും മ്യൂസിയം പോലീസ് എസ്.എച്ച്.ഓയും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അസാധാരണ തീരുമാനങ്ങൾ കൈക്കൊണ്ടത്.
പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന ഹർജിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രൊസീകൂട്ടർ ടി. ഗീനാകുമാരിയെ കൂടി എതിർകക്ഷിയാക്കാനാണ് സർക്കാരിന്റെ നീക്കം. ഇത് പ്രൊസീകൂഷൻ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ നടപടിയാണ്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ കോടതിയിൽ പ്രൊസീകൂട്ടർ എതിർത്തിരുന്നില്ലെന്നും, ഇത് പോലീസ് റിപ്പോർട്ടിന് വിരുദ്ധമാണെന്നും അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. പുതിയ സ്പെഷ്യൽ പ്രൊസീകൂട്ടറെ ഇന്ന് തന്നെ നിയമിക്കുമെന്നാണ് സൂചന.
കേസിലെ പന്ത്രണ്ടും പതിമൂന്നും പ്രതികളുടെ ജാമ്യാപേക്ഷകൾ നാളെ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. ഈ കേസുകളിൽ പുതിയ സ്പെഷ്യൽ പ്രൊസീകൂട്ടറായിരിക്കും സർക്കാരിന് വേണ്ടി ഹാജരാകുക. കേസിൽ ഇ.ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാരും ജാമ്യം റദ്ദാക്കാൻ നേരിട്ട് കോടതിയെ സമീപിക്കുന്നത്. കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.