സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി പരാതി. ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷയുടെ മൂല്യനിർണയത്തിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണം ഇന്ന് ചേരുന്ന പി.എസ്.സി യോഗം ചർച്ച ചെയ്യും.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥി തന്റെ ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് വ്യക്തമായത്. വിവരാവകാശ രേഖകൾ പ്രകാരം ലഭ്യമായ ഉത്തരക്കടലാസിൽ, 9 മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. ഈ പിഴവ് തിരുത്താതെയാണ് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നും, തുടർന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ നിയമന ശുപാർശ നൽകിയെന്നുമാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
പരാതി ഉയർന്ന സാഹചര്യത്തിൽ, നിലവിൽ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥിക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. മൂല്യനിർണയം നടത്താത്ത പത്ത് ചോദ്യങ്ങൾ പുനർമൂല്യനിർണയം നടത്താനും സാധ്യതയുണ്ട്.
ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തിൽ പി.എസ്.സി ചെയർമാൻ അടക്കമുള്ളവർ പങ്കെടുക്കും. വിഷയത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതൽ. യോഗത്തിന് ശേഷം പി.എസ്.സി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അന്തിമ തീരുമാനം അറിയിക്കും.