തലസ്ഥാനത്ത് വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കില്ല. ഫോൺ കോൾ റെക്കോർഡുകളുടെ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ലഭിക്കാൻ വൈകുന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നത് നീട്ടിവെക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
കേസിൽ സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്ന നിയമോപദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനൊപ്പം പൊലീസിനെ ആക്രമിച്ച സംഭവവും ഇതേ കേസിനൊപ്പം ചേർത്ത് ഒറ്റ കുറ്റപത്രമാക്കാനാണ് പൊലീസ് നിലവിൽ ഒരുങ്ങുന്നത്. പ്രതികൾക്ക് വലിയ രീതിയിൽ സഹായകരമാകുന്ന തരത്തിൽ കേസിൽ യാതൊരുവിധ ലൂപ്പുകളും ഉണ്ടാകരുത് എന്ന നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇതിനോടകം വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങളാണ് ഉടലെടുത്തിട്ടുള്ളത്. കേസിലെ ഒമ്പതാം പ്രതിയും സിപിഐഎം പ്രവർത്തകനുമായ ഹരീഷ് കുമാറിന് കീഴ്‌ക്കോടതി ജാമ്യം നൽകിയതിന് പിന്നാലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു ജാമ്യഹർജിയെ ശക്തമായി എതിർക്കാൻ ഗീനാകുമാരി തയ്യാറായില്ലെന്നും ഇതാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്നുമാണ് പൊലീസിന്റെ ആക്ഷേപം.
കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറായി എ. സന്തോഷ്കുമാറിനെ നിയമിച്ച് സർക്കാർ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ തെളിവുകൾ പൂർണ്ണമായും സമാഹരിച്ച ശേഷം മാത്രം കുറ്റപത്രം നൽകാൻ പൊലീസ് തീരുമാനിച്ചത്.