Share this Article
News Malayalam 24x7
മഴ കനക്കുന്നു; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്
rain

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതീവ ജാഗ്രതാ നിർദ്ദേശമുള്ളത്. ഇതോടൊപ്പം ഏഴ് ജില്ലകളിൽ ഇന്ന് മഞ്ഞ (യെല്ലോ) അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ ഒൻപത് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ ജാഗ്രതാ നിർദ്ദേശമുള്ളത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.


മഹാരാഷ്ട്ര തീരത്തോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടലിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയും വടക്കൻ തെലങ്കാനയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാതച്ചുഴിയുമാണ് കേരളത്തിൽ മഴ കനക്കാൻ ഇടയാക്കുന്നത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.


ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്. അപകട സാധ്യത മുന്നിൽക്കണ്ട് മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്താനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങുന്നവർ കുടയോ റെയിൻകോട്ടോ കരുതുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories