അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ താല്പര്യം പ്രകടിപ്പിച്ചു എന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് (ചൊവ്വാഴ്ച) ഇരുപക്ഷവും തമ്മിൽ യാതൊരുവിധ നയതന്ത്ര ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി.
'ഇറാന്റെ അഭ്യർത്ഥനപ്രകാരം ദോഹയിൽ ഇന്ന് ചർച്ചകൾ നടക്കും' എന്ന് തിങ്കളാഴ്ച ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മരുമകൻ ജാരെദ് കുഷ്നറും ദോഹയിലേക്ക് പോകുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് ഇതിന് പിന്നാലെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്.
അമേരിക്കയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെഷെക്യാൻ രംഗത്തെത്തി. പരസ്പര ധാരണ എന്നത് ഇരുപക്ഷത്തുനിന്നും ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം തന്റെ എക്സ് (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചു. ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയ്യാറായാൽ ഇറാനും അതിന്റെ ബാധ്യതകൾ പൂർണ്ണമായി നിറവേറ്റും. എന്നാൽ യു.എസിന്റെ അടിസ്ഥാനരഹിതമായ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും യുക്തിസഹമായ തീരുമാനങ്ങളിലൂടെയും ശക്തമായ പ്രതിരോധത്തിലൂടെയും രാജ്യം മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഈ ആഴ്ച ദോഹ സന്ദർശിക്കുന്നത് മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകൾ (ഏകദേശം 6 ബില്യൺ ഡോളർ) ഖത്തർ വഴി തിരികെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഈ യാത്രയ്ക്ക് അമേരിക്കൻ പ്രതിനിധികളുടെ ദോഹ സന്ദർശനവുമായി യാതൊരു ബന്ധവുമില്ലെന്നും യു.എസുമായി ഒരു തലത്തിലുമുള്ള ചർച്ചകൾക്ക് നിലവിൽ തീരുമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെയുണ്ടായ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ നയതന്ത്ര തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ ഒമാന്റെ സഹകരണത്തോടെ ഫ്രാൻസ് നടത്താൻ ശ്രമിക്കുന്ന മൈൻ നീക്കങ്ങൾക്കെതിരെയും ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.