Share this Article
News Malayalam 24x7
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
Kerala Power Crisis

കാലവർഷം കടുത്ത രീതിയിൽ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബിക്ക് (KSEB) ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചു. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്ക് പുറത്തുനിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. ഇതിലൂടെ കെഎസ്ഇബിക്ക് ഏകദേശം 282.50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയെ രൂക്ഷമായി വിമർശിച്ചു. ഇനിമുതൽ മുൻകൂട്ടി അറിയിക്കാതെ പവർകട്ടുകൾ പാടില്ലെന്നും, ലോഡ് ഷെഡ്ഡിങ് അനിവാര്യമായി വന്നാൽ ഒരു മണിക്കൂർ മുമ്പെങ്കിലും വിവരം എസ്.എം.എസ് (SMS) വഴിയോ മാധ്യമങ്ങളിലൂടെയോ ഉപഭോക്താക്കളെ കൃത്യമായി അറിയിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ സമർപ്പിക്കുന്നതിൽ കെഎസ്ഇബി പരാജയപ്പെട്ടതായും കമ്മീഷൻ കുറ്റപ്പെടുത്തി.


ഡാമുകളിലെ ആശങ്കാജനകമായ ജലനിരപ്പാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജൂൺ മാസത്തിൽ കാലവർഷത്തിൽ വലിയ കുറവുണ്ടായതോടെ കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 58.58 ശതമാനമായിരുന്നു. ഇതിന് പുറമെ കടുത്ത ചൂടും ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ഉള്ളതിനാൽ രാത്രികാലങ്ങളിൽ കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗവും പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു.


യൂണിറ്റിന് ശരാശരി 9.16 രൂപ നിരക്കിലാണ് കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്. ജൂലൈയിൽ യൂണിറ്റിന് 9.99 രൂപ നിരക്കിൽ 150 മെഗാവാട്ടും ഓഗസ്റ്റിൽ 9.93 രൂപ നിരക്കിൽ 310 മെഗാവാട്ടും ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 8.89 രൂപ നിരക്കിൽ 500 മെഗാവാട്ടും വൈദ്യുതിയാണ് വാങ്ങുക. സെപ്റ്റംബർ മാസത്തിൽ ടെൻഡർ നിരക്ക് 12 രൂപയ്ക്ക് മുകളിലായതിനാൽ ആ മാസത്തെ ഒഴിവാക്കി പുതിയ ടെൻഡർ വിളിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു കാലവർഷം ശക്തമാകുന്ന മുറയ്ക്ക് ഉയർന്ന വിലയ്ക്കുള്ള ഈ വൈദ്യുതി വാങ്ങൽ പരമാവധി കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories