ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂലമായി നിലപാടെടുത്തു എന്ന ആരോപണത്തെ തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് നീക്കിയതിനെതിരെ പ്രതികരണവുമായി ടി. ഗീനാകുമാരി രംഗത്ത്. താൻ യാതൊരുവിധ തെറ്റായ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗീനാകുമാരി തന്റെ ഭാഗം വിശദീകരിച്ചത്. നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ഒൻപതര വർഷമായി സർക്കാരിന് വേണ്ടി നൂറുകണക്കിന് കേസുകളാണ് താൻ കോടതികളിൽ വാദിച്ചത്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഉൾപ്പെടെയുള്ള നിർണായക കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോൾ ഒരിക്കൽ പോലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്ന രീതിയിലുള്ള യാതൊരുവിധ രാഷ്ട്രീയ വേർതിരിവുകളും താൻ കാണിച്ചിട്ടില്ല. ഇനിയും അത്തരമൊരു കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും താൻ തയ്യാറല്ലെന്നും ഗീനാകുമാരി കൂട്ടിച്ചേർത്തു.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഗീനാകുമാരിയെ പദവിയിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചത്.