സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. പട്ടണംപള്ളി സ്വദേശി കാവ്യമോളാണ് പ്രസവത്തിന് ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടത്.
യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു . ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കാവ്യക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവം തടയാനായി യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ വിവരം അധികൃതർ ബന്ധുക്കളിൽ നിന്ന് മറച്ചുവെച്ചതായും പരാതിയുണ്ട് .
പിന്നീട് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുന്നതിന് മുൻപേ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. കാവ്യയുടെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചപ്പോഴൊന്നും കൃത്യമായ മറുപടി നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും, സ്ഥിതി അതീവ ഗുരുതരമായപ്പോൾ മാത്രമാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അവർ അനുമതി നൽകിയതെന്നും കുടുംബം ആരോപിക്കുന്നു.
ഈ കാലതാമസമാണ് കാവ്യയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും, അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ ആവശ്യത്തിന് രക്തം പോലും സ്റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.