തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കും ജീവനക്കാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ചവറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വേണുവിന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ചികിത്സ നൽകുന്നതിൽ പിഴവുണ്ടായെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച വിദഗ്ത സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ഹൃദയാഘാതം സംഭവിച്ച വേണുവിന് ചികിത്സ നിഷേധിക്കപ്പെട്ടത്. സംഭവത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ എടുത്തുപറയുന്നു. വേണുവിനെ ആദ്യം പ്രവേശിപ്പിച്ച ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അദ്ദേഹത്തിന് ഹൃദയാഘാതമാണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും അടിയന്തര ചികിത്സ ലഭിച്ചില്ല. അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയിലെ കാത്തുലാബ് മുഴുവൻ സമയം പ്രവർത്തിക്കാതിരുന്നതും കാർഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതും തിരിച്ചടിയായി. കൂടാതെ മെഡിക്കൽ കോളേജിലേക്കുള്ള റഫറൽ നടപടികളും യാത്രയും വൈകിയതും വീഴ്ചയായി കണക്കാക്കുന്നു. ആൻജിയോഗ്രാം ചെയ്യാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച വേണുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതിന് പകരം മെഡിക്കൽ വാർഡിൽ കിടത്തിയത് വീഴ്ചയായി. ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് സമിതി നിരീക്ഷിച്ചു. ആൻജിയോഗ്രാമിനായി ഒരാഴ്ചയോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടായതായും റിപ്പോർട്ടിലുണ്ട്.
ചികിത്സ കിട്ടാതെ വലഞ്ഞതിനെക്കുറിച്ച് വേണു മരണത്തിന് മുൻപ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശം ഏറെ വികാരഭരിതമായിരുന്നു. തനിക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ജീവനോടെ മടങ്ങുമെന്ന് കരുതുന്നില്ലെന്നും, എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ആശുപത്രിയാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞിരുന്നു. മരുന്നുകൾ പോലും കൃത്യമായി നൽകിയില്ലെന്ന് വേണുവിന്റെ ഭാര്യയും ആരോപിച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ച ദിവസം തന്നെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ചികിത്സാ പിഴവുകൾ കൃത്യമായി അക്കമിട്ടു നിരത്തുന്നുണ്ടെങ്കിലും, വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നില്ല. പകരം കൂട്ടിരിപ്പുകാരോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശം മാത്രമാണ് നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പും മന്ത്രിയും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് വേണുവിന്റെ കുടുംബം ഉറ്റുനോക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധികൃതർ കർശന നടപടിയെടുക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തുടർ കാര്യങ്ങൾ.