തിരുവനന്തപുരം അണ്ടൂര്‍ക്കോണത്ത് മൂടിയില്ലാത്ത ഓടയില്‍ വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികനായ അന്‍ഷാദാണ് മരിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു അന്‍ഷാദ് വളവില്‍ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. സ്‌കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാല്‍ പിന്നീട് അതുവഴി വന്ന യാത്രക്കാരാണ് അപകടം അറിഞ്ഞത്. തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് അന്‍ഷാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു അന്‍ഷാദ്. സംഭവത്തില്‍ മംഗലപുരം പൊലീസ് കേസെടുത്തു.