Share this Article
News Malayalam 24x7
സ്‌കൂള്‍ മുറിയില്‍ വെച്ചുൾപ്പെടെ നഗ്ന ദൃശ്യം പകര്‍ത്തി, 30 വര്‍ഷം നീണ്ട പീഡനം, കൊല്ലുമെന്ന് ഭീഷണി; സിപിഐഎം നേതാവിനെതിരെ കേസെടുത്തു
വെബ് ടീം
2 hours 15 Minutes Ago
1 min read
sudhakaran

കാസര്‍ഗോഡ്: വീട്ടമ്മയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സിപിഐഎം നേതാവിനെതിരേ കേസെടുത്തു. എന്‍മകജെ ഗ്രാമപഞ്ചായത്തംഗവും എയ്ഡഡ് സ്‌കൂള്‍ അധ്യാപകനും സിപിഐഎം കുമ്പള മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ എസ് സുധാകരനെതിരെയാണ് കാസര്‍ഗോഡ് വനിതാ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.

30 വര്‍ഷമായി ഇയാളുടെ ലൈംഗികാതിക്രമത്തിനിരയാണെന്നും തന്നെയും മക്കളെയും കൊല്ലുമെന്ന ഭീതിയിലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നുമാണ് വീട്ടമ്മ പറയുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍, കല്യാണം കഴിക്കാതെ വഞ്ചിച്ചെന്നും താന്‍ പിന്നീട് മറ്റൊരു കല്യാണം കഴിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ മുറിയില്‍നിന്ന് ഉള്‍പ്പെടെ നഗ്‌ന ദൃശ്യം പകര്‍ത്തി അയച്ചു. പിന്നീട് ഭീഷണിപ്പെടുത്തി ലോഡ്ജില്‍ എത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്. ജബ്ബാര്‍ വധക്കേസില്‍ സുധാകരന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. മേല്‍ക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ജയില്‍മോചിതനായത്. ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories