വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. പട്ടണം പള്ളിയിൽ കാവ്യ മോൾ (24) ആണ് എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ചികിത്സാ പിഴവാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിച്ചു.
ഡിസംബർ 24-നാണ് ഡോൺ ബോസ്കോ ആശുപത്രിയിൽ കാവ്യ മോളുടെ രണ്ടാമത്തെ പ്രസവം നടന്നത്. പ്രസവത്തിനുശേഷം അമിത രക്തസ്രാവം ഉണ്ടാവുകയും ഗർഭപാത്രം (യൂട്രസ്) നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ നില ഗുരുതരമായി.
അവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.