ഇടുക്കി ജില്ലാ കോടതിയിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഭീഷണിയെത്തുടർന്ന് കോടതി നടപടികൾ പൂർണ്ണമായും തടസ്സപ്പെടുകയും കോടതി പരിസരത്ത് നിന്നും ആളുകളെ ഉടൻ ഒഴിപ്പിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലാ കോടതിയിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശം എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇടുക്കിയിലും സന്ദേശം ലഭിച്ചിരിക്കുന്നത്.
'തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ' എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ ദിന ആക്രമണത്തിന് സമാനമായ സ്ഫോടനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇമെയിലിൽ പറയുന്നു. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, അവ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം നടത്തുമെന്നുമാണ് സന്ദേശത്തിലെ മുന്നറിയിപ്പ്. മുഹമ്മദ് അസ്ലം വിക്രം എന്നയാളുടെ പേരിലാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്.
ഭീഷണി സന്ദേശം അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കോടതി പരിസരത്തും സമീപ പ്രദേശങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് കനത്ത പരിശോധന നടത്തിവരികയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കോടതിയിലുണ്ടായിരുന്നവരെ പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുമ്പ് മൂന്നാർ അടക്കമുള്ള പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഇത്തരത്തിൽ സമാനമായ രീതിയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നുവെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.
നിലവിലെ സാഹചര്യത്തിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധനകൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലാ കോടതിക്ക് പുറമെ കാസർഗോട്ടും സമാന സംഭവം ഉണ്ടായതിനാൽ സംസ്ഥാനത്തെ കോടതികളിലെ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.