Share this Article
KERALAVISION TELEVISION AWARDS 2025
നെന്മാറ എസ്എച്ച്ഓയ്ക്ക് സസ്‌പെൻഷൻ; രണ്ട് പേരെ കൊല്ലുമെന്ന് പറഞ്ഞിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ
വെബ് ടീം
posted on 28-01-2025
1 min read
chanthamara

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൽ വീഴ്ച സംഭവിച്ചെന്ന എസ്‌പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചത്. എന്നിട്ടും പൊലീസ് അക്കാര്യം അറിഞ്ഞില്ല. ചെന്താമരയുടെ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം നൽകിയത്. ഇത് തള്ളിയ എസ്‌പി ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അതിനാൽ വിശദീകരണം മുഖവിലക്കെടുക്കില്ലെന്നും വ്യക്തമാക്കി. ഉത്തരമേഖലാ ഐജിക്ക് എസ്‌പി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ സസ്പെൻ്റ് ചെയ്തത്. കൊല്ലപ്പെട്ട സുധാകരനും മകളും പ്രതിക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

അതേ സമയം അമ്മയേയും മകനേയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമര പ്രദേശം വിട്ടുപോയിട്ടില്ല. പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയെത്തന്നെയാണെന്ന് പൊലീസും സ്ഥിരീകരിച്ചു.

പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ചെന്താമര കോഴിക്കോട് എത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരുവമ്പാടിയിലും കൂടരഞ്ഞിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.ചെന്താമര ഫോണ്‍ വിറ്റത് കോഴിക്കോട് കൂടരഞ്ഞി ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ഒരു മാസം മുന്‍പുവരെ ചെന്താമര കൂടരഞ്ഞിയില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് പേരെ കൊല്ലുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായും സെക്യൂരിറ്റി ജീവനക്കാരന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories