കണ്ണൂർ: പാനൂരിൽ ഐസ്ക്രീം ബോംബ് പിടിച്ചെടുത്തെന്ന വാർത്ത പ്രചരിച്ചതിനു പിന്നാലെ എസ്ഡിപിഐക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ് പ്രകടനം നടത്തിയിരുന്നു. ഒടുവിൽ പിടിച്ചത് ബോംബല്ല, ഡപ്പിയിൽ പാറപ്പൊടി നിറച്ചതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ആർഎസ്എസ് നടത്തിയ കൊലവിളി മുദ്രാവാക്യ പ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബോംബ് നിർമാണത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് ആരോപിച്ചായിരുന്നു പ്രകടനം നടത്തിയത്. ‘ഓർമയില്ലേ കണ്ണവം, ഓർമയില്ലേ സലാവുദ്ദീനെ, ചത്തുമലച്ചു കിടന്നില്ലേ, ഓർത്തുകളിച്ചോ ചെറ്റകളേ’ എന്നിങ്ങനെയുള്ള മുദ്രാവാക്യവുമായിട്ടാണ് പ്രകടനം നടത്തിയത്.തിങ്കളാഴ്ചയാണ് മൊകേരി തങ്ങൾപീടികയിൽ സ്കൂൾ മൈതാനത്തിനു സമീപത്തുനിന്നായി ഐസ്ക്രീം ബോംബിനു സമാനമായ 8 ഡപ്പികളും വടിവാളും കണ്ടെത്തിയത്.
ബോംബിനു പിന്നിൽ എസ്ഡിപിഐ ആണെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ ആർഎസ്എസ്, ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. വൈകിട്ട് ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കാൻ എടുത്തപ്പോഴാണ് ഐസ്ക്രീം ഡപ്പിക്കകത്ത് പാറപ്പൊടിയാണെന്ന് മനസ്സിലായത്. കബളിപ്പിക്കാൻ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.