കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജേഷിനെതിരെയാണ് നടപടി. നേരത്തെ വിജേഷിനെതിരെ കൊച്ചി ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്. പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടിയാണ് യുവതിയെ വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ച് യുവതിയെ കാറിൽ പിടിച്ചു കയറ്റാൻ സിപിഒ വിജേഷ് ശ്രമിച്ചു. യുവതി എതിർത്തിട്ടും കാറിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചു. അവിടെ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി എന്ന പരാതി ഇന്നലെയാണ് പൊലീസിന് ലഭിക്കുന്നത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്നലെ ഹാർബർ പൊലീസിന് ലഭിച്ച പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിജേഷിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. വിജേഷിനെതിരെ ഇതിന് മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ട്. ഡിസിപിയുടെ വകുപ്പുതല നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഉടൻ തന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.