മൂന്നാറിൽ വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര വീണ്ടും തുടർക്കഥയാവുന്നു. മൂന്നാർ-മറയൂർ റോഡിൽ പെരിയവരയ്ക്ക് സമീപമാണ് യുവാക്കൾ കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിലായിരുന്നു യുവാക്കളുടെ ഈ സാഹസിക പ്രകടനം.
കാറിന്റെ ജനാലകളിൽ കയറി ഇരുന്നുകൊണ്ട് അപകടകരമായ നിലയിൽ യാത്ര ചെയ്യുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഒരിടവേളയ്ക്ക് ശേഷമാണ് മൂന്നാറിൽ നിന്നും ഇത്തരം അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ വീണ്ടും പുറത്തുവരുന്നത്. മുൻപ് ഗ്യാപ്പ് റോഡിലായിരുന്നു ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്തിരുന്നത്.
ഇതിനെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി കർശനമാക്കിയതോടെ സാഹസിക യാത്രകൾ കുറഞ്ഞിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് കൂടുതലായും ഇത്തരത്തിലുള്ള അപകടയാത്രകൾക്ക് മുതിരുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. കർശന നടപടികൾ സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുകയാണ്.