Share this Article
News Malayalam 24x7
യാചകന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ; പണം കോടതിയിൽ ഹാജരാക്കാൻ പൊലീസ്
വെബ് ടീം
posted on 07-01-2026
1 min read
beggers

ചാരുംമൂട്: ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ച്‌ മരിച്ച യാചകന്റെ സഞ്ചികളിൽനിന്ന്‌ ലഭിച്ചത് 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാൾ തിങ്കളാഴ്‌ച സന്ധ്യയോടെയാണ് അപകടത്തിൽപ്പെട്ടത്.സ്‌കൂട്ടർ ഇടിച്ച്‌ താഴെ വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. തലയ്‌ക്ക്‌ പരിക്കുള്ളതിനാൽ വിദഗ്ധചികിത്സ നൽകണമെന്ന് ഡോക്‌ടർ നിർദേശിച്ചെങ്കിലും ഇയാൾ രാത്രിയോടെ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയി.

അനിൽ കിഷോർ തൈപറമ്പിൽ കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയിരിക്കുന്ന വിലാസം. ചൊവ്വ രാവിലെയാണ് ടൗണിലെ കടത്തിണ്ണയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്.പഞ്ചായത്തംഗം അറിയിച്ചതിനെത്തുടർന്ന് നൂറനാട് പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

ഇയാളുടെ സഞ്ചികൾ സ്‌റ്റേഷനിലെത്തിച്ച്‌ പരിശോധിച്ചപ്പോളാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്‌റ്റിക് ടിന്നുകൾ, പഴ്സുകൾ എന്നിവ കാണുന്നത്. 2000ത്തിന്റെ 12 നോട്ടും സൗദിറിയാലും സഞ്ചിയിലുണ്ടായിരുന്നു. നോട്ടുകൾ അടുക്കി അഞ്ച്‌ പ്ലാസ്‌റ്റിക് ടിന്നുകളിലാക്കി സെല്ലോടാപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ഇയാളുടെ ബന്ധുക്കളാരും എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് എസ്‌എച്ച്‌ഒ എസ് ശ്രീകുമാർ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories