വാഷിങ്ടൻ: ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും അഞ്ച് ദിവസത്തേക്ക് നീട്ടിവെച്ചതായി സുപ്രധാന പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ആഴ്ച മുഴുവൻ ചർച്ച തുടരും. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ വിജയത്തിന് വിധേയമായിരിക്കും തുടർന്നുള്ള നടപടികളെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് 48 മണിക്കൂർ അന്ത്യശാസനം ഇറാന് നൽകിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ചർച്ച നടന്നതായി ട്രംപ് അറിയിച്ചിരിക്കുന്നത്.
ട്രംപിന്‍റേത് തിരിച്ചടി ഭയന്നുള്ള പിന്‍മാറ്റമെന്നും പോരാട്ടം തുടരുമെന്നും ഇറാന്‍ നേതൃത്വം പ്രതികരിച്ചു.
അതേ സമയം ഇറാൻ തീരത്തെയോ ദ്വീപുകളേയോ ആക്രമിച്ചാൽ പേർഷ്യൻ ഗൾഫിലെ എല്ലാ ആശയവിനിമയ മാർഗങ്ങളെയും തകർക്കുമെന്ന് ഇറാന്‍ നാഷണൽ ഡിഫൻസ് കൗൺസിൽ അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഡൊണാൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഭീഷണി. ഇറാനുമായി യുദ്ധത്തിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് ഹോർമുസ് മറികടക്കാനുള്ള ഏകമാർഗം ഇറാനുമായി ഏകോപനം നടത്തുകയാണ്. ഇറാന്‍റെ വൈദ്യുത നിലയങ്ങളെ ബോംബിട്ട് തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് പേർഷ്യൻ ഗൾഫിലെ ആശയവിനിമയമാർഗങ്ങൾ ലക്ഷ്യമിടുമെന്ന ഭീഷണി മുഴക്കാൻ കാരണം.