ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം യഥാർത്ഥ്യത്തിലേക്ക്. സൗദി അറേബ്യയിലെ ജയിലിൽ തടവുശിക്ഷാ കാലാവധി പൂർത്തിയാക്കിയ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനം ഇന്ന് ഉണ്ടായേക്കും. റഹീമിന്റെ മോചന നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ എംബസിയും റഹീം സഹായ സമിതിയും രംഗത്തുണ്ട്.
പതിനെട്ട് വർഷം മുൻപാണ് തന്റെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് അബ്ദുൽ റഹീം സൗദിയിൽ തടവിലാക്കപ്പെടുന്നത്. തുടർന്ന് റിയാദിലെ ക്രിമിനൽ കോടതി റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, റഹീമിന്റെ മോചനത്തിനായി ശരീയത്ത് നിയമപ്രകാരമുള്ള 34 കോടി രൂപ ദിയാധനം (മോചനദ്രവ്യം) മലയാളി സമൂഹം ഒന്നടങ്കം ഒത്തുചേർന്ന് സമാഹരിച്ച് നൽകി ചരിത്രം സൃഷ്ടിച്ചു. ഇതിനുപിന്നാലെയാണ് കോടതി വധശിക്ഷ ഒഴിവാക്കി പകരം തടവുശിക്ഷയായി നിജപ്പെടുത്തിയത്.
റഹീമിന്റെ തടവുശിക്ഷാ കാലാവധി ഇന്നലെ രാത്രി 12 മണിയോടെ പൂർത്തിയായ സാഹചര്യത്തിലാണ് ഇന്ന് തന്നെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷ ഉയർന്നത്. സൗദിയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന വ്യാഴാഴ്ചയ്ക്ക് മുൻപ് തന്നെ മോചന നടപടികൾ പൂർത്തിയാക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് അധികൃതർ. അല്ലാത്തപക്ഷം റഹീമിന്റെ മോചനം വീണ്ടും വൈകാൻ സാധ്യതയുണ്ട്. ജയിൽ മോചിതനായാൽ ഉടൻ തന്നെ റഹീമിനെ നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക യാത്രാ രേഖകൾ ഇന്ത്യൻ എംബസി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
മകൻ തിരിച്ചെത്തുന്നതും കാത്ത് നീണ്ട പതിനെട്ട് വർഷങ്ങളായി കണ്ണീരോടെ പ്രാർത്ഥനയിലായിരുന്ന ഉമ്മ ഫാത്തിമയ്ക്കും കുടുംബത്തിനും ഈ പെരുന്നാൾ കാലം ഇരട്ടി മധുരമുള്ളതാകും. റഹീമിന്റെ വരവിനായി കാത്തിരിക്കുകയാണ് കോടമ്പുഴയിലെ വീടും നാടും മുഴുവനും.