കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ, പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് കോട്ടയത്തെ കേരള കോൺഗ്രസ് (എം) ഓഫീസിൽ വെച്ചാണ് നിർണ്ണായകമായ വാർത്താസമ്മേളനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിയുടെ രാഷ്ട്രീയ നിലപാട് അദ്ദേഹം ഈ കൂടിക്കാഴ്ചയിൽ ഔദ്യോഗികമായി വ്യക്തമാക്കുമെന്നാണ് സൂചന.
കേന്ദ്ര സർക്കാരിനെതിരായ എൽ.ഡി.എഫിന്റെ സത്യാഗ്രഹത്തിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത് വലിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, പാർട്ടി മുന്നണി വിടുമെന്ന വാർത്തകൾക്ക് പ്രസക്തിയില്ലെന്നും മുന്നണി മാറ്റത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോസ് കെ. മാണിയും നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
എങ്കിലും, അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് നടത്തുന്ന വാർത്താസമ്മേളനത്തിലൂടെ ജോസ് കെ. മാണി തന്റെയും പാർട്ടിയുടെയും അന്തിമ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതോടെ നിലവിലുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമായേക്കും.