Share this Article
News Malayalam 24x7
കേരള കോൺഗ്രസ് എമ്മിൻ്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്
Kerala Congress (M) Steering Committee Meeting Today in Kottayam

കേരള രാഷ്ട്രീയത്തിൽ സജീവമായ മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെ, കേരള കോൺഗ്രസ് (എമ്മിന്റെ) നിർണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ 11 മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യുഡിഎഫിലേക്ക് പാർട്ടി മടങ്ങുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്ന അഭ്യൂഹങ്ങളും പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങളും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും.

യുഡിഎഫിലേക്ക് മടങ്ങാൻ സഭാ നേതൃത്വം അടക്കം ജോസ് കെ. മാണിക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം. എന്നാൽ ഈ നീക്കം തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയിൽ, പാർട്ടി പിളർന്നാലും എൽഡിഎഫ് വിട്ടുപോകില്ലെന്ന ഉറച്ച നിലപാടാണ് റോഷി സ്വീകരിച്ചത്. പ്രമോദ് നാരായണൻ, എൻ. ജയരാജ് എന്നിവരും ഈ നിലപാടിന് പിന്തുണ നൽകുന്നു. പാർട്ടി പിളർത്തിക്കൊണ്ടുള്ള ഒരു മുന്നണി മാറ്റത്തിന് ജോസ് കെ. മാണിക്ക് താല്പര്യമില്ലാത്തതിനാൽ തത്കാലത്തേക്ക് ഈ ചർച്ചകൾ നിർത്തിവെച്ചതായാണ് സൂചന.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, ഇടത് മുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങണമെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം അണികൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഈ ഭിന്നത നിലനിൽക്കെയാണ് ഇന്നത്തെ യോഗം ചേരുന്നത്. നിലവിൽ മുന്നണി മാറ്റമില്ലെന്ന നിലപാടിലാണ് നേതൃത്വമെങ്കിലും, യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരാൻ സാധ്യതയുണ്ട്.


ജോസ് കെ. മാണി എൽഡിഎഫ് വിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് മുന്നണി നേതൃത്വം. കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടാൽ മാത്രം ചർച്ചകൾ മതിയെന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. റോഷി അഗസ്റ്റിനെ കൂടി ഒപ്പം നിർത്തിക്കൊണ്ട് ജോസ് കെ. മാണി വരികയാണെങ്കിൽ സ്വാഗതം ചെയ്യാനാണ് യുഡിഎഫിന്റെ താല്പര്യം. ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾക്കായി ഇരുമുന്നണികളും ഒരുപോലെ ഉറ്റുനോക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article