ഇടുക്കിയിലെ മുതിർന്ന സിപിഐഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ മാരാർജി ഭവനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇടുക്കി രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാവിന്റെ കൂറുമാറ്റം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
വ്യക്തിപരമായ നേട്ടങ്ങൾക്കല്ല, മറിച്ച് ഇടുക്കി ജില്ലയുടെ വികസനത്തിന് വേണ്ടിയാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം എസ്. രാജേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് 15 വർഷം എംഎൽഎ ആയിരുന്ന രാജേന്ദ്രനെ സിപിഐഎമ്മിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. "ഒരു കുറ്റബോധത്തോടും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലും ദീർഘകാലമായി പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത മാനസിക പ്രയാസങ്ങൾ തനിക്കുണ്ടായിരുന്നു," എന്നും അദ്ദേഹം വെളിപ്പെടുത്തി.
ബിജെപിയിൽ ചേരുന്നതിനായി താൻ പ്രത്യേക നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ഇടുക്കി ജില്ലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഗവൺമെന്റിന്റെ ഇടപെടൽ ആവശ്യമാണെന്ന് തോന്നിയതിനാലാണ് ബിജെപി അധ്യക്ഷനെ കണ്ട് രാഷ്ട്രീയമായ ഇടപെടലുകൾക്ക് ഉറപ്പ് വാങ്ങിയതെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ഏകദേശം ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി അദ്ദേഹം സജീവ ചർച്ചയിലായിരുന്നു.