പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മാർച്ച് 26 വരെ നീണ്ടുനിൽക്കുന്ന ഈ സമ്മേളനം രാഷ്ട്രീയപരമായി ഏറെ നിർണ്ണായകമാണ്.
സംസ്ഥാന സർക്കാരിന്റെ ഈ കാലയളവിലെ അവസാന ബജറ്റ് ജനുവരി 29-ന് ധനമന്ത്രി അവതരിപ്പിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ജനുവരി 22, 27, 28 തീയതികളിൽ നടക്കും.
തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇത്തവണ സഭയിലെത്തുന്നത്. ശബരിമല സ്വർണക്കവർച്ച കേസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ലക്ഷ്യമിടുന്നു.
അതേസമയം, പ്രതിപക്ഷത്തെ നേരിടാൻ ശക്തമായ നീക്കങ്ങളുമായാണ് ഭരണപക്ഷം ഒരുങ്ങുന്നത്. യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ വ്യാജ വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളും, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗക്കേസും അറസ്റ്റും ഭരണപക്ഷം സഭയിൽ ആയുധമാക്കും. രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മാർച്ച് 26-നാണ് സമ്മേളനം സമാപിക്കുന്നത്.