Share this Article
News Malayalam 24x7
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭ സമ്മേളനം ഇന്ന്
Kerala Assembly's Final Session Concludes Today

പതിനഞ്ചാം  കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, സഭാ നടപടികൾ വെട്ടിചുരുക്കി (ഗില്ലറ്റിൻ) സഭ പിരിഞ്ഞേക്കും. സാധാരണ നിലയിൽ മാർച്ച് 26 വരെ സഭ ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, പ്രതിപക്ഷ പ്രതിഷേധം തുടരുന്നതും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കണക്കിലെടുത്താണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാർ തീരുമാനിച്ചത്.

ശബരിമല സ്വർണക്കവർച്ചാ കേസിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭയുടെ ഈ സമ്മേളനത്തിലുടനീളം പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്നലെ, തന്ത്രിയുടെ അറസ്റ്റ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും ഭരണ-പ്രതിപക്ഷ വാക്പോര് നടക്കുകയും ചെയ്തു. മന്ത്രിമാരായ എം.പി. രാജേഷും പി. രാജീവും ഭരണപക്ഷത്തിനായി പ്രതിരോധം തീർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 'പുതുവത്സര യാത്രയിലായതിനാൽ' പ്രതിഷേധങ്ങൾക്ക് ഡെപ്യൂട്ടി ലീഡർ കെ. ബാബുവാണ് ഇന്നലെ നേതൃത്വം നൽകിയത്. ഇന്നും ചോദ്യോത്തരവേള മുതൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.


സഭാ നടപടികൾ വെട്ടിചുരുക്കുന്ന ഈ സാഹചര്യത്തിൽ, നിർണായകമായ ഒൻപത് ബില്ലുകളാണ് ഇന്ന് സഭ പാസാക്കുന്നത്. ഇതിൽ പ്രധാനമായും മന്ത്രി കെ. രാജൻ അവതരിപ്പിച്ച സംസ്ഥാന നെറ്റിവിറ്റി കാർഡ് ബില്ലും ധനവിനിയോഗ ബില്ലും ഉൾപ്പെടുന്നു. ആകെ അഞ്ച് ബില്ലുകളാണ് ഇന്ന് സഭയുടെ പരിഗണനയിൽ വരുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കെ, എം.എൽ.എമാർക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ സജീവമാകേണ്ട സാഹചര്യം കണക്കിലെടുത്താണ് സഭ ഗില്ലറ്റിൻ ചെയ്യാനുള്ള തീരുമാനത്തെ പ്രതിപക്ഷവും അനുകൂലിച്ചത്. ഇതോടെ 15-ാം കേരള നിയമസഭയുടെ സമ്മേളനങ്ങൾ അവസാനിക്കുകയും അടുത്ത തിരഞ്ഞെടുപ്പിന് ശേഷം 16-ാം നിയമസഭ ചുമതലയേൽക്കുകയും ചെയ്യും. അവസാന ദിനമായ ഇന്നും സഭയിൽ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories