Share this Article
News Malayalam 24x7
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി RSPയിൽ തർക്കം
RSP Candidate Selection Dispute in Eravipuram

ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ആർഎസ്പിയിൽ ഭിന്നത പുകയുന്നു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വലിയൊരു വിഭാഗം രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യാൻ ആർഎസ്പി ജില്ലാ കൗൺസിൽ ഇന്ന് ചേരും.

ഇരവിപുരത്ത് പുതുമുഖത്തെ അവതരിപ്പിക്കണമെന്ന താല്പര്യത്തിലാണ് ഒരു വിഭാഗം കാർത്തിക്കിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ കാർത്തിക്കിന് രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം കുറവാണെന്നും പരിഗണിക്കപ്പെടേണ്ട മറ്റ് നേതാക്കൾ പാർട്ടിയിലുണ്ടെന്നുമാണ് എതിർക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ചേർന്ന ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം പേരും പിന്തുണച്ചത് മണ്ഡലം സെക്രട്ടറി എൻ. ഔഷാദിനെയാണ്.


പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, മുൻ സെക്രട്ടറി എ.എ. അസീസ് എന്നിവർക്കും കാർത്തിക്കിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പുള്ളതായാണ് സൂചന. യുഡിഎഫിന്റെ ഭാഗമായി ആർഎസ്പി മത്സരിക്കുന്ന അഞ്ച് സീറ്റുകളിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഇരവിപുരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎമ്മിനോട് പരാജയപ്പെട്ട ഈ സീറ്റ് തിരിച്ചുപിടിക്കുക എന്നത് ആർഎസ്പിയുടെ രാഷ്ട്രീയ നിലനിൽപ്പിന് അത്യാവശ്യമാണ്.


നേരത്തെ മുസ്ലിം ലീഗ് മത്സരിച്ചിരുന്ന ഈ സീറ്റ് ആർഎസ്പി ഏറ്റെടുത്ത ശേഷം രണ്ടു തവണയും പരാജയപ്പെട്ടിരുന്നു. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന സമ്മർദ്ദം ശക്തമായതോടെയാണ് വിഷയം ജില്ലാ കമ്മിറ്റിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇന്നത്തെ യോഗത്തിലെ തീരുമാനം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സാരമായി ബാധിച്ചേക്കാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories