Share this Article
News Malayalam 24x7
അബിൻ വർക്കിയെ വേണ്ട; ആറന്‍മുളയില്‍ അബിന്‍ വര്‍ക്കിക്കെതിരെ പോസ്റ്ററുകള്‍
Protest Posters Appear Against Abin Varkey in Pathanamthitta

ആറൻമുള നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. "പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട" എന്ന വാചകങ്ങളുമായാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

പത്തനംതിട്ട നഗരത്തിന്റെ വിവിധ ഭാഗങ്ങൾ, പ്രസ് ക്ലബ് പരിസരം, കുമ്പഴ, ചെന്നീർക്കര, ഓമല്ലൂർ എന്നിവിടങ്ങളിൽ അർദ്ധരാത്രിയോടു കൂടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.പി.സി.സി തയ്യാറാക്കിയ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ അബിൻ വർക്കിയുടെ പേര് ഉൾപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പ്രാദേശിക തലത്തിൽ അമർഷം നിലനിന്നിരുന്നു. ഇതിന്റെ പരസ്യമായ പ്രകടനമാണ് ഇപ്പോൾ പോസ്റ്റർ പ്രചാരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

ആറൻമുള മണ്ഡലത്തിൽ പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. മണ്ഡലത്തിൽ ദീർഘകാലമായി പ്രവർത്തിച്ചു പരിചയമുള്ള പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇറക്കുമതി സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്നത് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.

നിലവിലെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ നേരിടാൻ ശക്തനായ ഒരു പ്രാദേശിക സ്ഥാനാർത്ഥി തന്നെ വേണമെന്നാണ് അണികൾക്കിടയിലെ പൊതുവികാരം. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജോർജ് മാമൻ കൊണ്ടൂർ, പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നത്.

രണ്ടാഴ്ച മുമ്പ് പത്തനംതിട്ട ഡി.സി.സിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ തന്നെ പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ അനുവദിക്കില്ലെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ, നാസർ തോണ്ടമണ്ടിൽ, ജാസിൻ കുട്ടി തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. പ്രാദേശിക നേതാക്കളുടെ ഈ നിലപാട് നിലനിൽക്കെയാണ് ഇപ്പോൾ പോസ്റ്റർ പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

അതേസമയം, കോൺഗ്രസിനുള്ളിൽ കലഹമുണ്ടാക്കാൻ സി.പി.എം പ്രവർത്തകർ ആസൂത്രിതമായി ചെയ്തതാണ് ഈ പോസ്റ്റർ പ്രചാരണമെന്ന് ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാതെ നേതൃത്വം മുന്നോട്ടുപോയാൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകൾ കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article