Share this Article
News Malayalam 24x7
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
 Vellapally Nadesan

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കം ചെയ്തു. യോഗത്തിന്റെ കണക്കുകളിലെ അവ്യക്തതയും ഓഡിറ്റിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളാപ്പള്ളി നടേശന് പുറമെ നിലവിലെ ഭരണസമിതിയിലെ എല്ലാ ബോർഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്.

2013-ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം, 2014 മുതൽ വാർഷിക കണക്കുകളോ റിട്ടേണുകളോ കൃത്യമായി സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. എസ്എൻഡിപി സംരക്ഷണമതിയും അന്തരിച്ച പ്രൊഫ. എം.കെ. സാനുവും നൽകിയ ഹർജികളിലാണ് നടപടി. വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരിയക്കണ്ടി സന്തോഷ് എന്നിവരടക്കം 170-ഓളം ഭരണസമിതി അംഗങ്ങളെയാണ് കോടതി അയോഗ്യരാക്കിയത്.


കമ്പനി നിയമപ്രകാരം ഓരോ വർഷവും കണക്കുകൾ സമർപ്പിക്കേണ്ടത് നിർബന്ധമാണെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡയറക്ടർമാർക്ക് ആവശ്യമായ ഡിഐഎൻ (DIN) നമ്പറുകൾ ഹാജരാക്കുന്നതിലും വീഴ്ചയുണ്ടായി. നിലവിലെ ഭരണസമിതിയെ നീക്കിയ സാഹചര്യത്തിൽ, സ്ഥാപനത്തിന്റെ ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി താൽക്കാലിക ഡയറക്ടർമാരെ നിയമിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.


അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടുന്ന നിലവിലെ ഭരണസമിതിയുടെ തീരുമാനം. 2017-ൽ കണക്കുകൾ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസത്തിന് സർക്കാരിൽ നിന്ന് മാപ്പ് ലഭിച്ചിരുന്നതായും പിഴ ഒടുക്കിയിരുന്നതായും ഇവർ വാദിക്കുന്നു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories