പശ്ചിമേഷ്യയിൽ യുദ്ധം 13-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇന്ത്യക്ക് നിർണ്ണായക ആശ്വാസവാർത്ത. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകി. ക്രൂഡ് ഓയിലും പാചകവാതകവുമായി വന്ന 'പുഷ്പക്', 'പരിമൾ' എന്നീ രണ്ട് കപ്പലുകളെ കടത്തിവിടാനാണ് ഇറാൻ ഭരണകൂടം തീരുമാനിച്ചത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ടെലിഫോൺ ചർച്ചകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് പ്രത്യേക ഇളവ് നൽകാൻ ഇറാൻ തയ്യാറായത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാൻ ഇന്ത്യൻ നാവികസേനയും വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ നൽകിയ ഈ അനുമതി വലിയ തോതിൽ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനക്കപ്പലുകൾ സുരക്ഷിതമായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നതോടെ വിപണിയിലെ ആശങ്കകൾക്കും പരിഹാരമാകും.