Share this Article
News Malayalam 24x7
കണ്ണൂർ സീറ്റിൽ വിട്ടുവീഴ്ചയില്ല; നിലപാട് കടുപ്പിച്ച് കെ. സുധാകരൻ
K. Sudhakaran

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റി സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരൻ. താൻ കണ്ണൂരിൽ മത്സരിക്കുന്നത് ജില്ലയിൽ ഉടനീളം പാർട്ടിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന നിലപാടിലാണ് അദ്ദേഹം.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, കെ. സുധാകരനുമായി നേതാക്കൾ ഇന്നും ചർച്ച നടത്തിയേക്കും. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മടങ്ങിയെത്തുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സുധാകരനുമായി സംസാരിക്കാനാണ് സാധ്യത. പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായി അനുനയ ചർച്ച നിശ്ചയിച്ചിട്ടുണ്ട്. ഈ ചർച്ചയിലും കണ്ണൂർ സീറ്റിനായുള്ള തന്റെ ആവശ്യം സുധാകരൻ ആവർത്തിക്കുമെന്നാണ് വിവരം.


കണ്ണൂരുമായുള്ള തന്റെ വൈകാരിക ബന്ധം വ്യക്തമാക്കിക്കൊണ്ട് സുധാകരൻ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും അവിടുത്തെ കോൺഗ്രസ് പ്രസ്ഥാനം തന്റെ മേൽവിലാസമാണെന്നും അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിച്ചു. സിപിഎമ്മുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകളും പാർട്ടിയെ വളർത്താൻ താൻ നടത്തിയ പോരാട്ടങ്ങളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.


സ്ഥാനാർത്ഥി ചർച്ചകളിൽ തനിക്ക് നേരിട്ട അതൃപ്തിയെത്തുടർന്ന് ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുധാകരൻ, പ്രശ്നങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചർച്ചകൾ പൂർത്തിയാകുന്നത് വരെ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സുധാകരന്റെ ഈ കടുത്ത നിലപാട് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article