നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കണ്ണൂർ ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ ഗോദയിലിറങ്ങി. വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് തുടക്കമാകും.
ധർമ്മടം നിയോജക മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 4 മണിക്ക് മമ്പറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിലെ എൽഡിഎഫ് കൺവെൻഷനുകളും ഇന്ന് നടക്കും. ഇരു കൺവെൻഷനുകളും മുതിർന്ന നേതാവ് ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോഴും പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരെ മുൻ നേതാവ് ടി.കെ. ഗോവിന്ദൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തളിപ്പറമ്പ്, പേരാവൂർ മണ്ഡലങ്ങളിൽ അതീവ ജാഗ്രതയോടെ പ്രചാരണം നടത്താനാണ് പാർട്ടിയുടെ തീരുമാനം.
പതിറ്റാണ്ടുകളായി കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കരുത്തായിരുന്ന നേതാവിനെ പുറത്താക്കിയത് സംഘടനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തളിപ്പറമ്പിൽ ഇന്ന് നടക്കുന്ന കൺവെൻഷനിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്നത് ഈ പ്രതിസന്ധികളെ നേരിട്ടുകൊണ്ട് അണികളെ ഒപ്പം നിർത്താനാണ്.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ടി.കെ. ഗോവിന്ദൻ കൂടി രംഗത്തെത്തിയത് തിരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് വിജയത്തെ അത് ബാധിക്കില്ലെന്നുമാണ് സി.പി.എം നിലപാട്.
സി.പി.എമ്മിലെ ആഭ്യന്തര കലഹങ്ങളെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും 'വിസ്മയം' കൂടിപ്പോയെന്നും പാർട്ടിക്കുള്ളിലെ അഴിമതികൾ ജനങ്ങൾ തിരിച്ചറിയുമെന്നും യൂത്ത് കോൺഗ്രസ് പരിഹസിച്ചു.