കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഇന്ന് കേരളത്തിലെത്തും. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി നേരിൽ കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായം ആരായും.
നാളെ ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിന് മുൻപായി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനാണ് ഈ സന്ദർശനം. ഇതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും വിവരങ്ങളുണ്ട്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പുനഃസംഘടനയാണ് ഔദ്യോഗിക ചർച്ചാവിഷയമെങ്കിലും, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ഉൾപ്പെടുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ തർക്കങ്ങൾക്ക് വിരാമമിട്ട് എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. നിലവിൽ പാർട്ടിയിൽ എംഎൽഎമാരുടെ പിന്തുണ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.