യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കുറ്റപത്രം സമർപ്പിച്ചത്. കേസ് എടുത്ത് നാല് മാസത്തിന് ശേഷമാണ് നടപടി.
വിദേശത്ത് താമസിക്കുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് എടുത്തത്. ജനുവരി 10-ന് ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ വെച്ച് അതീവ നാടകീയ നീക്കങ്ങളിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, ശാരീരികവും മാനസികവുമായ പീഡനം എന്നിവയ്ക്ക് പുറമെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന ഗൗരവകരമായ കുറ്റവും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്.
നേരത്തെ രണ്ട് ബലാത്സംഗ കേസുകൾ കൂടി രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നാമത്തെ കേസിലും പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് രാഹുലിനെ പിടികൂടിയത്. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചു. ഇത് ബലാത്സംഗമല്ലെന്നും പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം.
നിലവിൽ ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർന്നു വന്നിരിക്കുന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.