Share this Article
News Malayalam 24x7
പുലിപ്പല്ല് പിടിച്ചെടുത്ത് കേസ്; റാപ്പർ വേടന് തിരിച്ചടി
Rapper Vedan

പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രശസ്ത റാപ്പർ വേടന് (വേദൻ) കനത്ത തിരിച്ചടി. അദ്ദേഹത്തിന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്.

പരിശോധനാ ഫലം പുറത്തുവന്നതോടെ റാപ്പർക്കെതിരെ വനംവകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകുന്നത്. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെക്കുക, വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. മൃഗവേട്ടയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകൂടിയാണിത്.


കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്. പുലിപ്പല്ല് കോർത്ത മാല ധരിച്ചു നിൽക്കുന്ന റാപ്പറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ശ്രീലങ്കയിലുള്ള ഒരു ആരാധകൻ തനിക്ക് സമ്മാനമായി നൽകിയതാണ് ഈ മാല എന്നായിരുന്നു വേടൻ പൊലീസിനും വനംവകുപ്പിനും നൽകിയ മൊഴി.


നേരത്തെ വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും ഇത് യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൂടുതൽ വ്യക്തതയ്ക്കായി സാമ്പിൾ കൊൽക്കത്തയിലെ ലാബിലേക്ക് അയക്കുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകൾ കൂടി ലഭിച്ചതോടെ റാപ്പർ വേടന് കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories