നടൻ ടിനി ടോം ചെയ്ത തെറ്റായ പ്രവൃത്തികൾക്ക് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന് നടി അൻസിബ ഹസ്സൻ. ടിനി ടോം തന്നോട് മാത്രമല്ല, സമൂഹത്തോടൊന്നാകെയാണ് തെറ്റ് ചെയ്തതെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നീതി ലഭിക്കുമെന്ന് യാതൊരു വിശ്വാസവുമില്ലാത്തതിനാൽ 'അമ്മ' (AMMA) സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ താൻ ഹാജരാകില്ലെന്നും താരം വ്യക്തമാക്കി.
വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി ടിനി ടോം തനിക്കെതിരെ വളരെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകിയതെന്ന് അൻസിബ ആരോപിച്ചു. ഇത്തരം പ്രവൃത്തികളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ഇതിനുള്ള അർഹമായ ശിക്ഷ ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും ഈ വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ അറിയിച്ചു. ടിനി ടോം ഒരു സാമൂഹിക വിപത്താണെന്നും അവർ കൂട്ടിച്ചേർത്തു.
മുൻപ് പലതവണ താൻ 'അമ്മ' സംഘടനയ്ക്ക് പരാതി നൽകിയിരുന്നെങ്കിലും ആരും അത് കാര്യമായി എടുത്തിരുന്നില്ല. ഇപ്പോൾ മാധ്യമങ്ങളുടെ വലിയ സമ്മർദ്ദം കാരണമാണ് അവർ തന്റെ പരാതി കേൾക്കാൻ തയാറായത്. മുൻപ് തനിക്ക് നീതി നൽകാത്ത, താൻ വിശ്വസിക്കാത്ത അതേ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ വീണ്ടും ഹാജരാകാൻ പറയുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ 'അമ്മ'യുടെ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകില്ലെന്നും അൻസിബ വ്യക്തമാക്കി.
സംഘടനയിൽ നിന്നും തനിക്ക് നീതി ലഭിക്കാത്തതിനെ തുടർന്നാണ് താൻ നേരത്തെ 'അമ്മ'യുടെ നിർവാഹക സമിതിയിൽ നിന്നും രാജിവെച്ചതെന്നും, തനിക്ക് പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അൻസിബ ഹസ്സൻ പറഞ്ഞു.