Share this Article
News Malayalam 24x7
തൊണ്ടിമുതൽ തിരിമറി കേസ്; ബാര്‍ കൗണ്‍സില്‍ ഇന്ന് പരിഗണിക്കും
 Antony Raju

മുൻമന്ത്രി അഡ്വക്കേറ്റ് ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികൾ ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഈ വിഷയത്തിൽ ആന്റണി രാജുവിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും.

ഒരു വിദേശ പൗരൻ പ്രതിയായ ലഹരിക്കടത്ത് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. കോടതി ശിക്ഷ വിധിച്ചതോടെ അദ്ദേഹത്തിന് എം.എൽ.എ സ്ഥാനവും മന്ത്രി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ഈ നടപടി അഭിഭാഷക സമൂഹത്തിന് ആകെ നാണക്കേടുണ്ടാക്കി എന്ന നിലപാടിലാണ് ബാർ കൗൺസിൽ.


ഇന്ന് ചേരുന്ന ബാർ കൗൺസിൽ യോഗത്തിൽ സ്വീകരിക്കേണ്ട നടപടികളുടെ തീവ്രതയെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിശോധിക്കുന്നത്. വിശദമായ വാദം കേട്ട ശേഷമായിരിക്കും തുടർനടപടികളിലേക്ക് സമിതി കടക്കുക. കോടതി ശിക്ഷ വിധിച്ചതോടെ അയോഗ്യനായ ആന്റണി രാജുവിന് തന്റെ അഭിഭാഷക ലൈസൻസും നഷ്ടമായേക്കുമോ എന്നാണ് ഇപ്പോൾ നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ അദ്ദേഹത്തിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള അവകാശവും നഷ്ടമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories