കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പ് (Yellow Alert) പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാകും. ഇതിന്റെ സ്വാധീനഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ടേക്കാം. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.