മോഡലിംഗിന്റെ മറവിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ ഒരു യുവതി കൂടി പൊലീസിന്റെ പിടിയിലായി. പൊന്നാനി സ്വദേശിനിയായ മഞ്ചിമയാണ് മരട് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അലീന മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കടത്തുന്ന രാജ്യാന്തര സെക്സ് റാക്കറ്റാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിലവിൽ മൂന്ന് പെൺകുട്ടികളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്. കൂടുതൽ ഇരകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. സിന്ധുവിനെ ചോദ്യം ചെയ്യുന്നതോടെ റാക്കറ്റിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തുള്ള പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചു.