കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവെച്ചു. സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ രാജി. ആറ് മാസം മുൻപാണ് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റിരുന്നത്.
റസൂൽ പൂക്കുട്ടിക്ക് പുറമെ അക്കാദമി വൈസ് ചെയർപേഴ്‌സൺമാരായ കുക്കു പരമേശ്വരൻ, മധുപാൽ എന്നിവരും തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചു. അക്കാദമി സെക്രട്ടറി സി. അജോയ് തന്റെ മാതൃവകുപ്പിലേക്ക് തിരികെ മടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ ചെയർമാൻ സ്ഥാനത്തേക്ക് പ്രമുഖ വ്യക്തികളുടെ പേരുകൾ സർക്കാർ പരിഗണിക്കുന്നുണ്ട്. നടന്മാരായ ജഗദീഷ്, സലിം കുമാർ, പ്രേംകുമാർ, സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.
മുൻപ് സംവിധായകൻ രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറായിരുന്നു ആക്ടിങ് ചെയർമാനായി ചുമതല വഹിച്ചിരുന്നത്. എന്നാൽ ആറ് മാസം മുൻപ് ഭരണസമിതി പുനഃസംഘടിപ്പിച്ചപ്പോൾ പ്രേംകുമാറിനെ മാറ്റി റസൂൽ പൂക്കുട്ടിയെ അക്കാദമി ചെയർമാനാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.