Share this Article
News Malayalam 24x7
മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ
Rahul Mankootathil

മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിന് കോടതിയിൽ തിരിച്ചടി. പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസമാണ് അനുവദിച്ചത്. രാഹുലിനെ 15-ാം തീയതി വൈകുന്നേരം കോടതിയിൽ ഹാജരാക്കണം. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 16-ന് കോടതി പരിഗണിക്കും.

കേസിനാസ്പദമായ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് രാഹുലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിയായ യുവതിയുടെ വീഡിയോകളും ഫോട്ടോകളും പകർത്തിയതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്.


കൂടാതെ, പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പത്തനംതിട്ടയിലെ ഹോട്ടൽ മുറിയിൽ വെച്ചാണ് ലൈംഗിക അതിക്രമം നടന്നതെന്ന പരാതിയിൽ അവിടെയും പരിശോധന നടത്തും.


കോടതി നടപടികൾക്കിടെ രാഹുലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ ലംഘനമാണെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റിന്റെ വിശദാംശങ്ങളോ ഏത് കേസാണെന്നോ ബോധിപ്പിക്കാതെ രാത്രിയിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും, അന്വേഷണ സംഘത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.


രാഹുലിനെ കോടതിയിലും ആശുപത്രിയിലും ഹാജരാക്കുന്നതിനിടെ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. ആദ്യ കേസിലെ അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങൾ എഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. വൻ പോലീസ് സന്നാഹത്തോടെ കൊണ്ടുപോയപ്പോഴും അദ്ദേഹം ചിരിച്ചുകൊണ്ടാണ് മാധ്യമങ്ങളെ നേരിട്ടത്.


നിലവിൽ പത്തനംതിട്ട എആർ ക്യാമ്പിലുള്ള രാഹുലിനെ നാളെ മുതൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം. പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ തെളിവെടുപ്പുകൾക്ക് ശേഷം 15-ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories