ഇറാനുമായി വാണിജ്യ ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൽ ട്രംപ്. ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, ആ രാജ്യത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം. അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിലൂടെ അറിയിച്ചു.
ഇറാനുമായി ശക്തമായ വാണിജ്യ ബന്ധം പുലർത്തുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ട്രംപിന്റെ ഈ പുതിയ തീരുവാനയം സാരമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. 2026-ൽ ട്രംപ് പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രധാന തീരുവാനയമാണിത്.
തന്റെ തീരുമാനങ്ങൾ മറ്റ് രാജ്യങ്ങൾ അതേപടി അംഗീകരിക്കണമെന്ന കർക്കശമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. തീരുമാനങ്ങൾ അംഗീകരിക്കാത്ത പക്ഷം സൈനിക നടപടികൾക്കും താൻ മടിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പറയുന്നത് മറ്റ് രാജ്യങ്ങൾ കേൾക്കണം എന്ന കടുത്ത നിലപാടിലൂടെ ഇറാനെയും അവരുമായി ബന്ധമുള്ള രാജ്യങ്ങളെയും സാമ്പത്തികമായി തളർത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇത് ആഗോള വ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം.