ഇടുക്കി ദേവികുളം മണ്ഡലത്തിലെ മുൻ എംഎൽഎയും മുതിർന്ന നേതാവുമായ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ മാരാർജി ഭവനിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2006 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് തവണയാണ് എസ്. രാജേന്ദ്രൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിയമസഭയിലെത്തിയത്. ദീർഘകാലം സി.പി.ഐ.എം അംഗമായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ കുറച്ചു കാലങ്ങളായി പാർട്ടി നേതൃത്വവുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ ഇടത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന പാർട്ടി അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് രാജേന്ദ്രനെ സി.പി.ഐ.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടിയിലേക്ക് മടങ്ങാൻ അദ്ദേഹം താല്പര്യം കാണിച്ചില്ല. അനുനയ ശ്രമങ്ങളുമായി സി.പി.ഐ.എം നേതാക്കൾ നേരിട്ടെത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലടക്കം പാർട്ടിയുമായി അകലം പാലിച്ച അദ്ദേഹം തനിക്ക് ബിജെപിയോട് അയിത്തമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഔദ്യോഗികമായി പാർട്ടിയിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നീക്കം ഇടുക്കിയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായകമാകും.