Share this Article
News Malayalam 24x7
ആക്രമണം തുടര്‍ന്ന് ഇറാന്‍; 8 അമേരിക്കൻ സൈനികർ ഇതുവരെ കൊല്ലപ്പെട്ടു
8 US Soldiers Killed in Gulf Conflict

ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ഇതുവരെ എട്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാനെതിരെ അമേരിക്ക ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിന് പിന്നാലെയാണ് മേഖലയിൽ ആക്രമണം ശക്തമായത്. ഏറ്റവും ഒടുവിലായി, സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന സൈനികൻ കൂടി മരിച്ചതോടെയാണ് ആകെ മരണം എട്ടായത്.

മാർച്ച് ഒന്നിന് സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികനാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇതിന് പുറമെ കുവൈറ്റിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട വിവരവും അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. സൈനികരുടെ മരണം ഗൗരവകരമാണെന്നും ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുകയാണ്.



മേഖലയിലെ സംഘർഷാവസ്ഥ ചർച്ച ചെയ്യുന്നതിനായി ഡൊണാൾഡ് ട്രംപ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്കയുടെ പൂർണ്ണ പിന്തുണ ട്രംപ് വാഗ്ദാനം ചെയ്തു. ഇറാനെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് നീങ്ങാനാണ് അമേരിക്കയുടെ തീരുമാനം. അറബ് ലീഗ് കൗൺസിലും സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നു.


മറ്റ് മേഖലകളിലെ സാഹചര്യം:

  • ലെബനൻ: ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. 83 കുട്ടികൾ ഉൾപ്പെടെ 394 പേർ കൊല്ലപ്പെട്ടു. അഞ്ച് ലക്ഷത്തോളം ആളുകൾ പലായനം ചെയ്തതായാണ് വിവരം.

  • ഇറാൻ: ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ പ്രധാന ആക്രമണം. കറാജ് നഗരത്തിലെ എണ്ണ ഡിപ്പോയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി.

  • ഇസ്രയേൽ-ഹിസ്ബുള്ള: വടക്കൻ ഇസ്രയേൽ അതിർത്തിയിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.

  • സൗദി അറേബ്യ: സൗദിയിലെ അൽ-ഖർജിൽ ജനവാസ മേഖലയിൽ പതിച്ച പ്രൊജക്റ്റൈൽ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

  • ഇറാഖ്: ബാഗ്ദാദിലും എർബിലിലും ഡ്രോൺ ആക്രമണങ്ങളും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാഗ്ദാദിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു.


മേഖലയിൽ ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും യുദ്ധസമാനമായ സാഹചര്യമാണ് നിലവിൽ ഗൾഫ് മേഖലയിലുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories