സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മഴ മുന്നറിയിപ്പുകൾ പുതുക്കിയത്. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന വിലക്ക് പിൻവലിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 26-ഓടെ സംസ്ഥാനത്ത് കാലവർഷം എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. കാലവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.