Share this Article
News Malayalam 24x7
അട്ടപ്പാടി മധു ആള്‍ക്കൂട്ടകൊലക്കേസ്; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു
Attappadi Madhu Case: Kerala High Court Acquits First Accused

അട്ടപ്പാടി മധു ആൾക്കൂട്ടക്കൊലക്കേസിൽ അപ്പീലുകളിൽ നിർണായക വിധിയുമായി ഹൈക്കോടതി. കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ കോടതി വെറുതെ വിട്ടു. എന്നാൽ കേസിലെ മറ്റ് 15 പ്രതികളുടെയും അപ്പീൽ ഹൈക്കോടതി തള്ളി. മണ്ണാർക്കാട് പ്രത്യേക കോടതി വിധിച്ച ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.

ഒന്നാം പ്രതിയായ ഹുസൈൻ മധുവിനെ ചവിട്ടിയെന്നും, ഈ ചവിട്ടേറ്റ് തെറിച്ചുവീണ മധുവിന്റെ തലയിടിച്ച് ആന്തരിക രക്തസ്രാവമുണ്ടായതുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഹുസൈൻ മധുവിനെ ചവിട്ടി എന്ന് തെളിയിക്കാൻ ആവശ്യമായ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹുസൈനെ കുറ്റവിമുക്തനാക്കിയത്.


അതേസമയം, രണ്ടാം പ്രതി മരക്കാർ, ഷംസുദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധിഖ്, ഉബൈദ്, നജീബ്, ജൈമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരടക്കമുള്ള മറ്റ് 15 പ്രതികളുടെ അപ്പീലുകൾ കോടതി തള്ളുകയും വിചാരണ കോടതി വിധിച്ച ഏഴ് വർഷത്തെ തടവ് ശിക്ഷ ശരിവെക്കുകയും ചെയ്തു. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റം ആരോപിച്ച് മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories