കേരള മനസാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലും, പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ അമ്മ മല്ലിയും സമർപ്പിച്ച അപ്പീലുകളുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ അന്തിമ വിധി പറയുക. കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ പ്രതികളോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
2018 ഫെബ്രുവരി 22-നാണ് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസ് വിചാരണ ചെയ്ത മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ്ഗ പ്രത്യേക കോടതി കുറ്റക്കാരായ 13 പ്രതികൾക്ക് ഏഴ് വർഷത്തെ കഠിനതടവും പിഴയും ശിക്ഷയായി വിധിച്ചിരുന്നു. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും അതുകൊണ്ട് തന്നെ അവർക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് മധുവിന്റെ കുടുംബത്തിന്റെ പ്രധാന ആവശ്യം.സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്നത്തെ ഹൈക്കോടതി വിധി.