നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആദ്യ റിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ ഗൺമാൻമാർ ഉൾപ്പെടെയുള്ളവർ നിയമവിരുദ്ധമായാണ് പ്രതിഷേധക്കാരെ മർദ്ദിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
സുരക്ഷാ മാനുവലിന് വിരുദ്ധമായാണ് ഗൺമാൻമാരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വി.ഐ.പിക്ക് സുരക്ഷയൊരുക്കി മുന്നോട്ടുപോവുക എന്നതായിരുന്നു ഇവരുടെ പ്രധാന ചുമതല. എന്നാൽ വി.ഐ.പിയുടെ വാഹനം കടന്നുപോയ ശേഷം, സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിറങ്ങി ഇവർ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഗൺമാൻമാരായ സന്ദീപ്, അനിൽ കുമാർ എന്നിവരുൾപ്പെടെ അഞ്ച് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്ക് ലഭിക്കുന്നതോടെ കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾക്ക് സാധ്യതയുണ്ട്.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി ചൈത്ര തെരേസ ജോൺ നൽകിയ യഥാർത്ഥ റിപ്പോർട്ട് പൂഴ്ത്തിവെച്ച്, അന്നത്തെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ഇടപെടലിലൂടെ മറ്റൊരു റിപ്പോർട്ട് തയ്യാറാക്കിയെന്ന ആരോപണവും നിലവിൽ എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ കേസിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. രണ്ട് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.