കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുന്നത് സംബന്ധിച്ച നിർണായക ചർച്ചകൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ നടക്കും. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി നിലവിൽ പരിഗണനയിലുള്ളത്.
വരുന്ന ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ അഞ്ച് പ്രധാന ഉറപ്പുകളിൽ ഒന്നായ ഈ പദ്ധതി എങ്ങനെ കാര്യക്ഷമമായി നടപ്പിലാക്കാം എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും മന്ത്രിസഭ ചർച്ച ചെയ്യുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ആവശ്യമായ നിബന്ധനകളും കെ.എസ്.ആർ.ടി.സി യോഗത്തെ അറിയിക്കും. ഓർഡിനറി ബസുകളിൽ മാത്രമാണോ അതോ മറ്റ് സർവീസുകളിലും പദ്ധതി ബാധകമാക്കണമോ എന്ന കാര്യത്തിൽ സംയുക്തമായ തീരുമാനത്തിന് ശേഷമായിരിക്കും പദ്ധതിയുടെ അന്തിമരൂപം പ്രഖ്യാപിക്കുക.
അതേസമയം, ചില ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ മന്ത്രിമാർക്കിടയിലുള്ള അതൃപ്തിയും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിക്കാതെയാണ് സ്ഥലംമാറ്റം നടത്തിയതെന്ന പരാതി മന്ത്രിമാർ യോഗത്തിൽ ഉന്നയിക്കാനും ചീഫ് സെക്രട്ടറിയുടെ നടപടിയിൽ അതൃപ്തി അറിയിക്കാനും സാധ്യതയുണ്ട്.