തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.
രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്‌നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയൊരു പദ്ധതിക്ക് സർക്കാർ രൂപം കൊടുക്കും. കേരളത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കുമെന്നും അദ്ദേഹം പറഞ്ഞു.AI ക്ക് പ്രത്യേക പരിഗണന നൽകും. ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബായി കേരളത്തെ മാറ്റും. വ്യവസായങ്ങൾക്ക് വേണ്ടി ലാൻഡ് ബാങ്ക് രൂപീകരിക്കും. കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കും.
അതിനാൽ പല പദ്ധതികളുടെയും അജൻഡ ഇന്നത്തെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മാറ്റിവച്ചു. ഞങ്ങൾ നടപ്പിലാക്കുന്നത് എൽഡിഎഫ് നയമല്ല. പറഞ്ഞത് യുഡിഎഫിന്റെ നയങ്ങൾ. നയരാഹിത്യം എന്നത് പിണറായി വിജയന്റെ തോന്നല്‍. അദ്ദേഹത്തിന്റെ നയമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട വിമർശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിണറായി വിജയന്‍റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതെന്നും അത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള ഇടതു നേതാക്കളുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു മുൻപ് പിണറായി വിജയൻ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അധികാരത്തിലേറിയതിനു ശേഷം പ്രധാനമന്ത്രിയെ കാണുകയെന്നത് സാധാരണ കാര്യമാണ്. താൻ ആവശ്യപ്പെട്ടതിന്‍റെ പേരിൽ നരേന്ദ്ര മോദി 12 ഇടങ്ങളിൽ റെയ്ഡ് നടത്തി എന്നൊക്കെ പറയുന്നത് കേട്ടാൽ താൻ ചിരിക്കണോ കരയണോ എന്നാണ് വി.ഡി. സതീശൻ മാധ്യമങ്ങളോട് ചോദിച്ചത്.
പിണറായി വിജയൻ ഇത്തരത്തിൽ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാർ തമാശ പറഞ്ഞു തുടങ്ങിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ ഡി റെയ്ഡിൽ സംസഥാന സർക്കാരിന് റോളില്ല. സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല. എന്നിട്ടും ആള് കൂടുന്നത് കൊണ്ട് പൊലീസിനെ അയച്ചു. അതിൽ അഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നു. അവിടെ ഒഫൻസ് നടന്നു , അത് ഒരിക്കലും അനുവദിക്കില്ല.
രാഹുൽ ഗാന്ധിയെ ആണ് പ്രതിപക്ഷ നേതാവ് കുറ്റം പറഞ്ഞത്. രാഹുൽ ഗാന്ധി പരിശോധിക്കാൻ വന്നവരുടെ വാഹനം തകർത്തിട്ടില്ല. 55 മണിക്കൂറാണ് ഇ ഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ഇരുന്ന് കൊടുത്തത്. സംസ്ഥാന സർക്കാരിന് ഇതിൽ റോളില്ല. ക്രമസമാധാന ലംഘനം നടന്നു , അത് ആവർത്തിക്കാൻ പാടില്ല. വാഹനം തകർത്തത് ഗുരുതരമായ പ്രശ്നമാണ്. VD – മോഡി എന്ന ആക്ഷേപം സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
10000 ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് സർക്കാർ സഹായം നൽകും. ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കും. കേരളത്തിലെ സഹകരണ മേഖല തകർച്ചയിലാണ്. സഹകരണ പ്രസ്ഥാനത്തെ തിരിച്ചുകൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ലഹരിശൃംഖലയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നയരാഹിത്യത്തെക്കുറിച്ച് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ അവരുടെ നയമല്ല ഞതങ്ങൾ നടപ്പിലാക്കുന്നതെന്നും പുതിയ സർക്കാരിന്റെ നയമാണെന്നുമായിരുന്നു മറുപടി.