സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ കേസിൽ നിർണായകമായ പല തെളിവുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ഇഡി ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ ലഭിച്ച വിവരങ്ങളും കണ്ടെടുത്ത നിർണായക രേഖകളും സംബന്ധിച്ച വിശദാംശങ്ങൾ കൊച്ചിയിലെ ഇഡി വിഭാഗം ഡയറക്ടറേറ്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വീണ വിജയന്റെയും സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൂടാതെ റെയ്ഡിൽ പിടിച്ചെടുത്ത ഇരുന്നൂറിലധികം ബാങ്ക് രേഖകൾ, ലാപ്ടോപ്പുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയും ഇഡി വിശദമായി പരിശോധിച്ചുവരികയാണ്.
അന്വേഷണം വേഗത്തിലാക്കാനാണ് ഇഡിയുടെ നീക്കമെങ്കിലും, ഇതിനെതിരെ നിയമപോരാട്ടം നടത്താനാണ് സിഎംആർഎൽ ശ്രമിക്കുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലായിരുന്ന കേസിൽ പെട്ടെന്നുണ്ടായ ഇഡി റെയ്ഡും തുടർനടപടികളും തടസ്സപ്പെടുത്തുന്നതിനായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സിഎംആർഎൽ ലക്ഷ്യമിടുന്നത്. എന്നാൽ തെളിവുകൾ ശേഖരിച്ച് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമങ്ങളുമായി ഇഡി മുന്നോട്ട് പോകുകയാണ്.